Thursday, November 7, 2013

വിവാഹ പ്രായം മതവല്കരിക്കുമ്പോൾ

മുസ്ലിം പെണ്‍കുട്ടികളെ വിദ്യാഭ്യാസ പ്രായത്തിൽ വിവാഹം ചെയ്യാമോ എന്ന വിഷയത്തെ കുറിച്ച് സർക്കാരും മാധ്യമങ്ങളും മത രാഷ്ട്രീയ പ്രമുഖന്മാരും ചൂടേറിയ വാദപ്രതിവാദത്തിൽ ആണ്.

നടുറോഡിൽ നഗ്നയായി വലിച്ചിഴക്കപ്പെടുമ്പോഴും എത്ര വലിയ ആൾക്കൂട്ടത്തിന് മുമ്പിൽ ബലാൽസംഗം ചെയ്യപ്പെടുമ്പോഴും കാലങ്ങളായി സ്ത്രീധനമെന്ന ശാപത്തിന്റെ പിൻബലമില്ലാതെ വിവാഹമെന്ന സ്വപ്നം പോലും അസാധ്യമാകുമ്പോഴും ആരും ശബ്ദിക്കാനില്ലാത്ത സ്ത്രീത്വത്തിൻറെ വിവാഹപ്രായത്തിലെങ്കിലും നമുക്കൊന്ന് ചർച്ചയാകാം എന്നാകാം രാഷ്ട്ര തലവന്മാരുടെ ചിന്താഗതി.

ഇന്ത്യയിലെന്നല്ല, ലോകത്തിലെല്ലായിടത്തും മുസ്ലിം പെണ്‍കുട്ടികൾ ഒരുപാട് പുരോഗമിച്ചിരിക്കുന്നു. പെണ്‍കുട്ടി ജനിച്ചാൽ കുഴിച്ചു മൂടപ്പെട്ട ഒരു കാലഘട്ടത്തിലാണ് ഇസ്ലാമിന്റെ നിയമങ്ങളായ ഖുർ -ആനും പിന്നെ ഹദീസും അവതരിക്കുന്നത്.

അവളെ സംരക്ഷിക്കാനായി ഇസ്ലാം വിവാഹമൂല്യം സ്ത്രീക്ക് നല്കാൻ കല്പിച്ചു. ഉയർന്ന വിവാഹ മൂല്യം നിഷ്കർഷിക്കുന്നത് മൂലം മധ്യ വയസ്കരായ കന്യകകൾ ബഹുഭാര്യത്വത്തിനായി മുറവിളി കൂട്ടുന്നു, ഇസ്ലാമിക രാജ്യങ്ങളിൽ, ബഹുഭാര്യത്വം ഇസ്ലാമിൽ നിർബന്ധമായ നിയമമല്ലാതിരുന്നിട്ടു കൂടി.

ഇസ്ലാമിക രാജ്യങ്ങളിലെ മുസ്ലിം പെണ്‍കുട്ടിക്ക് അവർ പ്രതീക്ഷിക്കുന്ന വിവാഹമൂല്യം കിട്ടും വരെ വയസ് നാല്പത്തഞ്ചായാലും വിവാഹം കഴിക്കാതിരിക്കാം. ബഹുഭാര്യത്വത്തിന് മുറവിളി കൂട്ടാം. ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ മുസ്ലിം രക്ഷിതാക്കൾക്ക് വയസ് പതിനാറാകും മുമ്പേ മകളെ വിവാഹം കഴിക്കാൻ നിയമം തന്നെ വേണം. ഏതെങ്കിലും രക്ഷകർത്താവ് സ്ത്രീധനം കൊടുക്കാനില്ലാതെ തന്റെ മകളെ ഒരു രണ്ടാം വിവാഹ കാരന് വിവാഹം കഴിച്ചാൽ സമൂഹം ഒന്നടങ്കം പ്രതികരിക്കും, ഇസ്ലാം അപരിഷ്കൃതം, കാടത്തം.

പതിനാറ് വയസ്സാണ് സ്ത്രീയുടെ വിവാഹ പ്രായമെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നില്ല. ഇസ്ലാമിക ശരീ അത്തിന്റെ ഉറവിടങ്ങളായ ഖുർ ആനും ഹദീസും സ്ത്രീയുടെ വിവാഹ പ്രായത്തെ കുറിച്ചു സ്പഷ്ടമായൊന്നും പ്രതിപാദിക്കുന്നില്ല. വിശുദ്ധ ഖുർ ആൻ 4:6 അനുസരിച്ച് " വിവാഹപ്രായമാകുന്നതുവരെ അനാഥകളെ പരിരക്ഷിച്ചു കൊണ്ടിരിക്കുക. പിന്നെ, അവര്‍ക്കു വിവേകമെത്തിയെന്നു കണ്ടാല്‍ അവരുടെ സമ്പത്ത് തിരിച്ചേല്‍പിച്ചു കൊടുക്കേണം. അവര്‍ വളര്‍ന്നുവലുതായി, അവകാശം ചോദിക്കുമെന്ന് ഭയന്ന്, നിങ്ങള്‍ അവരുടെ ധനം നീതിവിട്ട് ധൂര്‍ത്തായും ധൃതിയായും തിന്നുകൂടാത്തതാകുന്നു. അനാഥരുടെ ധനം കൈകാര്യം ചെയ്യുന്നവന്‍ സമ്പന്നനാണെങ്കില്‍, അവന്‍ അത് പറ്റാതെ സൂക്ഷിക്കട്ടെ. ദരിദ്രനാണെങ്കിലോ, അതില്‍നിന്നു ന്യായമായി മാത്രം തിന്നുകൊള്ളട്ടെ. അവരുടെ ധനം തിരിച്ചേല്‍പിച്ചുകൊടുക്കുമ്പോള്‍ ജനത്തെ അതിനു സാക്ഷികളാക്കേണ്ടതാകുന്നു. കണക്കുനോക്കുന്നതിന്ന് എത്രയും മതിയായവനത്രെ അല്ലാഹു.(1)"
ഇവിടെ പ്രതിപാദിക്കുന്നത് അനാഥരായ കുട്ടികളുടെ വിവാഹ പ്രായമാണ്.


വീണ്ടും വിശുദ്ധ ഖുർ ആൻ അനുസരിച്ച് വിവാഹമോചനം തീരുമാനിക്കുന്ന ഇദ്ദയുടെ കാലാവധി പ്രായപൂർത്തിയുടെ അടിസ്ഥാനത്തിലാണ്.ഇത് മൂന്നു തരത്തിൽ തീരുമാനിക്കുന്നുവെങ്കിലും പ്രായപൂര്ത്തിയായ ഒരു പെണ്‍കുട്ടിക്ക് മാത്രമേ വിവാഹബന്ധം പാടുള്ളൂ എന്ന് മനസ്സിലാക്കണം.

അതുകൊണ്ട് ശാരീരികമായ പ്രായപൂർത്തി വിവാഹത്തിന്റെ ഒരു കാതലായ ഭാഗമാണ്.

വിവാഹ പ്രായവും വിവാഹ മോചനവും അറിയുന്നതിന് മുമ്പ് ഇസ്ലാമിലെ വിവാഹവും അറിഞ്ഞിരിക്കേണ്ടതുണ്ട്.പരസ്പര സമ്മതത്തോടെയുള്ള ഒരു കരാറാണ്‌ ഇസ്ലാമിൽ വിവാഹം. "സ്ത്രീകളെ ത്വലാഖ് ചെയ്യുകയും അവര്‍ ഇദ്ദ പൂര്‍ത്തിയാക്കുകയും ചെയ്തുകഴിഞ്ഞാല്‍പിന്നെ അവര്‍ തെരഞ്ഞെടുക്കുന്ന ഭര്‍ത്താക്കളെ വിവാഹം ചെയ്യുന്നത് നിങ്ങള്‍ മുടക്കാവതല്ല-ന്യായമായ രീതിയില്‍ വിവാഹിതരാകുന്നതിന് അവര്‍ പരസ്പരം തൃപ്തിപ്പെടുന്നുവെങ്കില്‍. ഒരിക്കലും അപ്രകാരം ചെയ്യരുതെന്ന് നിങ്ങള്‍ ഉപദേശിക്കപ്പെടുന്നു . നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍. അതില്‍നിന്ന,് അകന്നുനില്‍ക്കുക എന്നതുതന്നെയാകുന്നു ഏറ്റവും ശ്രേഷ്ഠവും പരിശുദ്ധവുമായ മാര്‍ഗം. അല്ലാഹു അറിയുന്നു. നിങ്ങളോ അറിയുന്നില്ല.(2:232)

വീണ്ടും വിശുദ്ധ ഖുർ ആൻ ആവർത്തിക്കുന്നു "പരസ്പരം സുഖം പകരുകയും അവര്‍ നിങ്ങളില്‍നിന്ന് ബലിഷ്ഠമായ പ്രതിജ്ഞ വാങ്ങുകയും ചെയ്തുകഴിഞ്ഞിരിക്കെ നിങ്ങളതു തിരിച്ചുവാങ്ങിക്കുന്നതിനെന്തു ന്യായം?(4:21). വിവാഹം ഇസ്ലാമിൽ ബലിഷ്ഠമായ പ്രതിജ്ഞയാണ്, അതിനു പെണ്‍കുട്ടിയുടെ ഉറച്ച സമ്മതം തന്നെ ആവശ്യമാണ്‌.

ഈ ഉടമ്പടി അല്ലെങ്കിൽ കരാർ നടത്തിക്കൊടുക്കുന്ന കർത്തവ്യം പിതാവോ തത് സ്ഥാനത്തിരിക്കുന്ന ആളോ ചെയ്യുന്നുവെങ്കിലും പെണ്‍കുട്ടിയുടെ സമ്മതം അത്യന്താപേക്ഷിപമാണെന്ന് ഈ വാക്യങ്ങൾ സൂചിപ്പിക്കുന്നു.

വിശുദ്ധ ഖുർ ആൻ തന്നെ വിവാഹത്തിന് പെണ്‍കുട്ടിയുടെ സമ്മതം ആവശ്യമുള്ള കരാറാണ് വിവാഹമെന്നും, അതിനു ശാരീരിക പ്രായപൂർത്തിയും സമ്മതം നല്കാനുള്ള മാനസിക പക്വതയും വേണമെന്ന് നിഷ്കർഷിക്കുമ്പോൾ വിവാഹ പ്രായം വ്യാഖ്യാനിക്കാൻ ഹദീസിന്റെയോ നബി ചര്യയുടെയോ ആവശ്യമില്ല. എല്ലാ നബി ചര്യകളും അനുയായികൾക്ക് പിൻപറ്റാൻ അവകാശമില്ല.

സ്ത്രീധനമില്ലാതെ ആയിരക്കണക്കിന് മുസ്ലിം പെണ്‍കുട്ടികൾ വിവാഹപ്രായം കവിഞ്ഞു നിന്നിട്ടും അവർക്ക് വേണ്ടി ശബ്ദിക്കാൻ ഒരു മത രാഷ്ട്രീയ സംഘടനയുമില്ലാതിരിക്കെ ഈ വിഷയത്തിൽ ഇത്ര ചർച്ച ആവശ്യമുള്ള ഒന്നാണോ?

ഇന്ത്യ മതേതരത്വ രാഷ്ട്രമാണെങ്കിലും ഇസ്ലാമിക വിവാഹവും വിവാഹ മോചനവും സ്വത്ത് വിഭജനവുമെല്ലാം വ്യക്തി നിയമമായ ശരീ അത്ത് അനുസരിച്ചാണ് നടക്കുന്നതെന്നതിനാൽ ഇന്ത്യയിലെ പല നിയമങ്ങളും മുസ്ലിം വ്യക്തികൾക്ക് ബാധകമല്ല. അതിലൊന്നാണ്‌ വിവാഹപ്രായവും.

ഇന്ത്യൻ നിയമമനുസരിച്ച് അനുവദനീയമായ വിവാഹപ്രായം പതിനെട്ട് വയസ്സാണെങ്കിൽ മക്കളെ വിവാഹം കഴിക്കാൻ അത് വരെ മാതാപിതാക്കൾ കാത്തിരിക്കുന്നതിൽ ഇസ്ലാമിക വൈരുദ്ധ്യമൊന്നുമില്ല.

ഇനി അത്യന്താപേക്ഷിതമായ സാഹചര്യത്തിൽ ഏതെങ്കിലും പെണ്‍കുട്ടിക്ക് പതിനെട്ട് വയസ്സിനു മുമ്പ് വിവാഹം കഴിക്കേണ്ടതുണ്ടെങ്കിൽ ഇന്ത്യൻ കോടതികൾ അത് അനുവദിക്കുന്നുമുണ്ട്.

രണ്ടായിരത്തി പന്ത്രണ്ടിൽ ഡൽഹി ഹൈകോടതി, പതിനഞ്ച് വയസ്സായ മുസ്ലിം പെണ്‍കുട്ടി, അവൾ പ്രായപൂർത്തി ആയതാണെങ്കിൽ വിവാഹിതയാകാമെന്നു മുൻ സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിൽ വിധിക്കുകയുണ്ടായി. .

Ruling that a Muslim girl can marry as per her choice at the age of 15 years if she has attained puberty, the Delhi high court has held the marriage of a minor girl valid and allowed her to stay in her matrimonial house..

"This court notes that according to Mohammedan Law a girlcan marry without the consent of her parents once she attains the age of puberty and she has the right to reside with her husband even if she is below the age of 18....," a bench of justices S Ravindra Bhat and SP Garg said..

Citing various Supreme Court judgements on the issue of minor Muslim girls' marriage, the bench said "In view of the above judgments, it is clear that a Muslim girl who has attained puberty i.e. 15 years can marry and such a marriage would not be a void marriage. However, she has the option of treating the marriage as voidable, at the time of her attaining the age of majority, i.e 18 years."(1).

ആവശ്യമുള്ളിടത്തും അല്ലാത്തിടത്തും ഇസ്ലാമിനെ വലിച്ചിഴക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇസ്ലാമിനെ ഏറ്റവും നീതിപൂർവ്വം വ്യാഖ്യാനിക്കാനാണ് മത പണ്ഡിതന്മാർ ശ്രദ്ധിക്കേണ്ടത്.

____________________________________________________________

1.( http://defenceforumindia.com/forum/religion-culture/37244-muslim-girl-can-marry-15-if-she-attains-puberty-hc.html)

No comments:

Post a Comment