Thursday, November 26, 2015

സ്ത്രീ സ്വാതന്ത്ര്യം

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ആറിൽ വനിതാ സംവരണ ബില്ലിനെ കുറിച്ച് പാർലമെന്റിൽ ചർച്ച നടക്കുന്ന സമയം. സുന്നിയുടെ നേതാവ് ബഹുമാന്യനായ കാന്തപുരം അബൂബക്കർ മുസലിയാരുടെ സ്ത്രീ സംവരണം ഇസ്ലാമിക വിരുദ്ധമെന്ന പ്രസ്താവന മാതൃഭൂമി ദിനപത്രത്തിൽ വായിക്കാനിടയായി. (അദ്ദേഹത്തിന്റെ സ്ത്രീ വിരോധം ഇന്നിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല അന്നും).ബഹുഭാര്യത്വവും മൊഴിചൊല്ലലുമെല്ലാം ഇസ്ലാമിന്റെ നാഴിക കല്ലാണെന്ന് മുസ്ലിം പുരുഷൻ ഉയർത്തിപ്പിടിക്കുന്നത് സ്ത്രീയെ ചൂഷണം ചെയ്യാനല്ലാതെ മറ്റൊന്നിനുമല്ല എന്ന പ്രതികരണവുമായി ഞാൻ കലൂരിലെ മാതൃഭൂമിയുടെ ഓഫീസിലെത്തി. അന്ന് അഭിപ്രായ സ്വാതന്ത്ര്യം എഴുതാൻ ഇന്നത്തെപോലെ ഫേസ്ബുക്കും വാളും പോസ്റ്റുമൊന്നുമില്ലാത്ത കാലം.

അവർ അത് വായിച്ചു നോക്കിയിട്ടു പറഞ്ഞു, "കുട്ടീ, തന്റെ ശബ്ദം വേറിട്ടതാണ്, താൻ ജീവിച്ചു കാണാൻ ഞങ്ങളാഗ്രഹിക്കുന്നു. ഇത് പ്രസിദ്ധീകരിച്ചാൽ ചേകന്നൂർ മൌലവിയെ പോലെ തന്നെ ആരെങ്കിലും ഇല്ലാതാക്കിയാലോ. പരിഗണിക്കാം". എന്തായാലും പിറ്റേ ദിവസത്തെ മാതൃഭൂമിയിൽ എന്റെ പ്രതികരണം ഉണ്ടായിരുന്നു.

ഇന്നും സ്ത്രീ ചിരിക്കരുത്, ചിന്തിക്കരുത്, ഉറക്കെ ശബ്ദിക്കരുത്, പുറത്തിറങ്ങരുത് എന്ന് മാത്രം പ്രബോധനം നടത്തുന്ന പുരോഹിതന്മാർ മാത്രമേ ഇസ്ലാമിലുള്ളൂ. അതിനവർ സാഹചര്യവും സന്ദർഭവും വെളിവാക്കാതെ ഏതെങ്കിലും ഒരു ഹദീസിന്റെ നുറുങ്ങുമായി വരും. സ്ത്രീക്ക് ഏറ്റവും കൂടുതൽ പ്രാതിനിധ്യവും അംഗീകാരവും സംരക്ഷണവും നല്കുന്ന ഇസ്ലാമിന്റെ മുഴുവൻ ആശയങ്ങളെയും ഇതുവഴി നശിപ്പിക്കുകയും ഇസ്ലാമിനെ പുറം ലോകത്തിനു മുമ്പിൽ കരിവാരി തേക്കുകയുമാണു ഇവർ ചെയ്യുന്നത്.
ലോകത്തിലൊരു സ്ത്രീയെയും ഇതിനെതിരെ ശബ്ദമുയർത്താൻ ഇവർ അനുവദിക്കില്ല. പാണ്ഡ്യത്യം പൗരോഹിത്യത്തിന്റെ കുത്തകയാണ്. പൗരോഹിത്യം പുരുഷനിൽ മാത്രം നിക്ഷിപ്തമാണ്.

റജീന നേരിട്ടതും ഈ ചോദ്യം തന്നെയാണ് , " ദീനിനെയും ദീൻ പഠിപ്പിക്കുന്ന ഉസ്താദിനേയും വെല്ലു വിളിക്കാൻ നീ ആര്?".

സ്ത്രീ ഇസ്ലാമികമായ വിവരം സമ്പാദിക്കുന്നതോ അവൾക്കുള്ള അറിവിൻറെ അടിസ്ഥാനത്തിൽ അഭിപ്രായം പറയുന്നതോ ഇന്നത്തെ മത നേതാക്കന്മാരുടെ ലോകത്തിൽ ഹറാമാണ്. സ്ത്രീ ഭരണാധികാരി ആകരുത്, ഒരു പഞ്ചായത്തംഗം പോലുമാകരുത് എന്ന് ഘോരഘോരം പ്രസംഗിച്ച പണ്ഡിതൻമാർക്ക് അറിയുമോയെന്നറിയില്ല, അറേബ്യയിലെ ഖലീഫമാരിൽ പലരും ഇസ്ലാമിക നീതി വ്യവസ്ഥയടക്കമുള്ള സങ്കീർണമായ പല വിഷയങ്ങളെ കുറിച്ചും സംശയ നിവാരണം നടത്തിയിരുന്നത് നബി(സ :അ )യുടെ ഭാര്യയും അറിവിന്റെ സ്ത്രോതസ്സുമായ ആയിഷ (റ :അ)യിൽ നിന്നായിരുന്നു. ഇതിൽ നിന്നും സ്ത്രീ ഇസ്ലാമിൽ ഒരു ശരീരം മാത്രമായിരുന്നില്ലെന്നും സ്ത്രീയുടെ ശബ്ദത്തിനും അഭിപ്രായത്തിനും അങ്ങേയറ്റം പ്രാധാന്യം ഉണ്ടായിരുന്നുവെന്നും മനസ്സിലാക്കാം. ഇന്ന് എത്ര മത നേതാക്കൾ ഒരു സ്ത്രീയുടെ അഭിപ്രായത്തിന് വില നല്കാൻ മുന്നോട്ടു വരും.

എന്നിട്ടും എന്തുകൊണ്ട് ആധുനിക മതനേതാക്കൾ സ്ത്രീയെ ഭോഗ വസ്തു മാത്രമാക്കുന്നു.

പിന്നെ റജീനാ, ഇസ്ലാം സ്ത്രീക്ക് നേടി തന്ന സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് താങ്കൾ ശബ്ദിക്കുന്നതെന്ന ആശയത്തെ പൂർണമായും പിന്തുണക്കുന്നു.പക്ഷേ ആ സ്വാതന്ത്ര്യം ഒറ്റപ്പെട്ട ഏതെങ്കിലും വിവരമില്ലാത്ത മദ്രസ അദ്ധ്യാപകന്റെ അപക്വമായ ലൈംഗികാസക്തിയെ പൊതുവൽകരിച്ചാൽ നേടാനാകുമോ? വിദ്യാർഥിനിയുമായി ഒളിച്ചോടുന്ന അധ്യാപകരും വിദ്യാർഥിയെ കാമുകനാക്കുന്ന അധ്യാപികയും സാധാരണ വിദ്യാലയങ്ങളിലും ഉള്ളതായി നാം ഇപ്പോഴും വായിക്കാറുണ്ട്. ലൈംഗിക പീഡനങ്ങൾ സമൂഹത്തിന്റെ എല്ലാ മേഖലകിലും സർവ സാധാരണമായ ഇന്ന് മദ്രസയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുന്ന ഫെമിനിസ്റ്റുകളും ഇസ്ലാമിലെ സ്ത്രീയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന താങ്കളെ പോലുള്ളവരും മനസ്സിലാക്കാതെ പോകുന്ന ഒന്നുണ്ട്.

സമൂഹത്തിലെ മറ്റേതൊരു ജോലിയെക്കാളും സ്ത്രീക്ക് വെല്ലുവിളി ഉയർത്തുന്ന പത്രപ്രവർത്തകയുടെ ജോലി ചെയ്യുന്ന താങ്കൾ സ്വാതന്ത്ര്യം അനുഭവിക്കുന്നില്ല എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്.

ആരിൽ നിന്നാണ് സ്ത്രീക്ക് സ്വാതന്ത്ര്യം വേണ്ടത്? ഇന്ന് ഇസ്ലാമിക സ്ത്രീയുടെ യൂണിഫോം ആയി കണക്കാക്കപ്പെടുന്ന കറുത്ത പർദയും നിക്കാബും ബുർഖയുമൊന്നും ധരിക്കാൻ ഖുർ ആൻ നിഷ്കർശിക്കുന്നില്ല. സ്ത്രീയുടെ വസ്ത്രധാരണത്തെ കുറിച്ചു പരാമർശിക്കുന്ന അഹ്സാബ് സൂറത്തിൽ പറയുന്നത്, നിങ്ങളുടെ ശിരോവസ്ത്രം മാറ് മറക്കുന്ന രീതിയിൽ ധരിക്കുവാനാണ്. അത് തന്നെയാണ് ലോകത്തിലെ എല്ലാ കന്യാസ്ത്രീകളും കാലങ്ങളായി ധരിച്ചു പോരുന്നത്. അവരുടെ വസ്ത്ര ധാരണത്തെ വിമർശിക്കാൻ ആരും മിനക്കെടാറില്ല. അത് ദൈവീകമാണ്‌. അത് പോലെ തന്നെ ദൈവവും മനുഷ്യനും തമ്മിലുള്ള, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളെ കുറിച്ച് നിഷ്കർഷിക്കുന്ന ഒരു തത്വസംഹിതയാണ് ഇസ്ലാം.

ഇനി വിരലിലെണ്ണാവുന്ന ചില ഇസ്ലാമിക രാജ്യങ്ങൾ ഒഴിച്ചു നിർത്തിയാൽ ലോകത്തിലെ ഏത് മുസ്ലിം സ്ത്രീക്കും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനോ വസ്ത്രമേ ധരിക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. ആരും അവർക്കെതിരെ ശബ്ദിക്കുന്നില്ല.

ഇനി പർദ്ദ ഇസ്ലാമിക വസ്ത്രമായാൽ പോലും അത് സ്വമേധയാ ധരിക്കുന്നവരോ, തനിക്കേറ്റവും ഇഷ്ടപ്പെട്ട ഭർത്താവിന്റെ ആഗ്രഹത്തിന് വഴങ്ങി ധരിക്കുന്നവരോ ആണ്. അതും ഇഷ്ടമല്ലെങ്കിൽ ഒഴിവാക്കാവുന്നതാണ്.

ഭാര്യയെ ഭർത്താവ് വില്പനചരക്കാക്കുന്നവരുടെ, സ്വന്തം അച്ഛനിൽ നിന്നും സഹോദരനിൽ നിന്നും പീഡനം എല്ക്കുന്നവരുടെ ലോകത്തിലാണ് സ്ത്രീ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ജീവിക്കുന്നത്. അതിനേക്കാൾ ഭീകരമായ ഒരു സാഹചര്യത്തിൽ നിന്ന് കൊണ്ട് ഉയിർകൊണ്ട മതത്തിൽ സ്ത്രീ സംരക്ഷണം അത്യന്താപേക്ഷിതമായ ഒന്നായിരുന്നു. അതിനോടനുബന്ധിച്ച് പരാമർശിച്ച ഖുർ-ആൻ വാക്യങ്ങളോ ഹദീസുകളോ സ്ത്രീ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് പ്രബോധനം നടത്തുന്ന പണ്ഡിതന്മാരോ അവരിൽ നിന്നും ഇസ്ലാം നേടിത്തന്ന സ്വാതന്ത്ര്യം പിടിച്ചു വാങ്ങുന്ന റജീനമാരോ, ആരാണ് ശരി?




Thursday, November 7, 2013

വിവാഹ പ്രായം മതവല്കരിക്കുമ്പോൾ

മുസ്ലിം പെണ്‍കുട്ടികളെ വിദ്യാഭ്യാസ പ്രായത്തിൽ വിവാഹം ചെയ്യാമോ എന്ന വിഷയത്തെ കുറിച്ച് സർക്കാരും മാധ്യമങ്ങളും മത രാഷ്ട്രീയ പ്രമുഖന്മാരും ചൂടേറിയ വാദപ്രതിവാദത്തിൽ ആണ്.

നടുറോഡിൽ നഗ്നയായി വലിച്ചിഴക്കപ്പെടുമ്പോഴും എത്ര വലിയ ആൾക്കൂട്ടത്തിന് മുമ്പിൽ ബലാൽസംഗം ചെയ്യപ്പെടുമ്പോഴും കാലങ്ങളായി സ്ത്രീധനമെന്ന ശാപത്തിന്റെ പിൻബലമില്ലാതെ വിവാഹമെന്ന സ്വപ്നം പോലും അസാധ്യമാകുമ്പോഴും ആരും ശബ്ദിക്കാനില്ലാത്ത സ്ത്രീത്വത്തിൻറെ വിവാഹപ്രായത്തിലെങ്കിലും നമുക്കൊന്ന് ചർച്ചയാകാം എന്നാകാം രാഷ്ട്ര തലവന്മാരുടെ ചിന്താഗതി.

ഇന്ത്യയിലെന്നല്ല, ലോകത്തിലെല്ലായിടത്തും മുസ്ലിം പെണ്‍കുട്ടികൾ ഒരുപാട് പുരോഗമിച്ചിരിക്കുന്നു. പെണ്‍കുട്ടി ജനിച്ചാൽ കുഴിച്ചു മൂടപ്പെട്ട ഒരു കാലഘട്ടത്തിലാണ് ഇസ്ലാമിന്റെ നിയമങ്ങളായ ഖുർ -ആനും പിന്നെ ഹദീസും അവതരിക്കുന്നത്.

അവളെ സംരക്ഷിക്കാനായി ഇസ്ലാം വിവാഹമൂല്യം സ്ത്രീക്ക് നല്കാൻ കല്പിച്ചു. ഉയർന്ന വിവാഹ മൂല്യം നിഷ്കർഷിക്കുന്നത് മൂലം മധ്യ വയസ്കരായ കന്യകകൾ ബഹുഭാര്യത്വത്തിനായി മുറവിളി കൂട്ടുന്നു, ഇസ്ലാമിക രാജ്യങ്ങളിൽ, ബഹുഭാര്യത്വം ഇസ്ലാമിൽ നിർബന്ധമായ നിയമമല്ലാതിരുന്നിട്ടു കൂടി.

ഇസ്ലാമിക രാജ്യങ്ങളിലെ മുസ്ലിം പെണ്‍കുട്ടിക്ക് അവർ പ്രതീക്ഷിക്കുന്ന വിവാഹമൂല്യം കിട്ടും വരെ വയസ് നാല്പത്തഞ്ചായാലും വിവാഹം കഴിക്കാതിരിക്കാം. ബഹുഭാര്യത്വത്തിന് മുറവിളി കൂട്ടാം. ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ മുസ്ലിം രക്ഷിതാക്കൾക്ക് വയസ് പതിനാറാകും മുമ്പേ മകളെ വിവാഹം കഴിക്കാൻ നിയമം തന്നെ വേണം. ഏതെങ്കിലും രക്ഷകർത്താവ് സ്ത്രീധനം കൊടുക്കാനില്ലാതെ തന്റെ മകളെ ഒരു രണ്ടാം വിവാഹ കാരന് വിവാഹം കഴിച്ചാൽ സമൂഹം ഒന്നടങ്കം പ്രതികരിക്കും, ഇസ്ലാം അപരിഷ്കൃതം, കാടത്തം.

പതിനാറ് വയസ്സാണ് സ്ത്രീയുടെ വിവാഹ പ്രായമെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നില്ല. ഇസ്ലാമിക ശരീ അത്തിന്റെ ഉറവിടങ്ങളായ ഖുർ ആനും ഹദീസും സ്ത്രീയുടെ വിവാഹ പ്രായത്തെ കുറിച്ചു സ്പഷ്ടമായൊന്നും പ്രതിപാദിക്കുന്നില്ല. വിശുദ്ധ ഖുർ ആൻ 4:6 അനുസരിച്ച് " വിവാഹപ്രായമാകുന്നതുവരെ അനാഥകളെ പരിരക്ഷിച്ചു കൊണ്ടിരിക്കുക. പിന്നെ, അവര്‍ക്കു വിവേകമെത്തിയെന്നു കണ്ടാല്‍ അവരുടെ സമ്പത്ത് തിരിച്ചേല്‍പിച്ചു കൊടുക്കേണം. അവര്‍ വളര്‍ന്നുവലുതായി, അവകാശം ചോദിക്കുമെന്ന് ഭയന്ന്, നിങ്ങള്‍ അവരുടെ ധനം നീതിവിട്ട് ധൂര്‍ത്തായും ധൃതിയായും തിന്നുകൂടാത്തതാകുന്നു. അനാഥരുടെ ധനം കൈകാര്യം ചെയ്യുന്നവന്‍ സമ്പന്നനാണെങ്കില്‍, അവന്‍ അത് പറ്റാതെ സൂക്ഷിക്കട്ടെ. ദരിദ്രനാണെങ്കിലോ, അതില്‍നിന്നു ന്യായമായി മാത്രം തിന്നുകൊള്ളട്ടെ. അവരുടെ ധനം തിരിച്ചേല്‍പിച്ചുകൊടുക്കുമ്പോള്‍ ജനത്തെ അതിനു സാക്ഷികളാക്കേണ്ടതാകുന്നു. കണക്കുനോക്കുന്നതിന്ന് എത്രയും മതിയായവനത്രെ അല്ലാഹു.(1)"
ഇവിടെ പ്രതിപാദിക്കുന്നത് അനാഥരായ കുട്ടികളുടെ വിവാഹ പ്രായമാണ്.


വീണ്ടും വിശുദ്ധ ഖുർ ആൻ അനുസരിച്ച് വിവാഹമോചനം തീരുമാനിക്കുന്ന ഇദ്ദയുടെ കാലാവധി പ്രായപൂർത്തിയുടെ അടിസ്ഥാനത്തിലാണ്.ഇത് മൂന്നു തരത്തിൽ തീരുമാനിക്കുന്നുവെങ്കിലും പ്രായപൂര്ത്തിയായ ഒരു പെണ്‍കുട്ടിക്ക് മാത്രമേ വിവാഹബന്ധം പാടുള്ളൂ എന്ന് മനസ്സിലാക്കണം.

അതുകൊണ്ട് ശാരീരികമായ പ്രായപൂർത്തി വിവാഹത്തിന്റെ ഒരു കാതലായ ഭാഗമാണ്.

വിവാഹ പ്രായവും വിവാഹ മോചനവും അറിയുന്നതിന് മുമ്പ് ഇസ്ലാമിലെ വിവാഹവും അറിഞ്ഞിരിക്കേണ്ടതുണ്ട്.പരസ്പര സമ്മതത്തോടെയുള്ള ഒരു കരാറാണ്‌ ഇസ്ലാമിൽ വിവാഹം. "സ്ത്രീകളെ ത്വലാഖ് ചെയ്യുകയും അവര്‍ ഇദ്ദ പൂര്‍ത്തിയാക്കുകയും ചെയ്തുകഴിഞ്ഞാല്‍പിന്നെ അവര്‍ തെരഞ്ഞെടുക്കുന്ന ഭര്‍ത്താക്കളെ വിവാഹം ചെയ്യുന്നത് നിങ്ങള്‍ മുടക്കാവതല്ല-ന്യായമായ രീതിയില്‍ വിവാഹിതരാകുന്നതിന് അവര്‍ പരസ്പരം തൃപ്തിപ്പെടുന്നുവെങ്കില്‍. ഒരിക്കലും അപ്രകാരം ചെയ്യരുതെന്ന് നിങ്ങള്‍ ഉപദേശിക്കപ്പെടുന്നു . നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍. അതില്‍നിന്ന,് അകന്നുനില്‍ക്കുക എന്നതുതന്നെയാകുന്നു ഏറ്റവും ശ്രേഷ്ഠവും പരിശുദ്ധവുമായ മാര്‍ഗം. അല്ലാഹു അറിയുന്നു. നിങ്ങളോ അറിയുന്നില്ല.(2:232)

വീണ്ടും വിശുദ്ധ ഖുർ ആൻ ആവർത്തിക്കുന്നു "പരസ്പരം സുഖം പകരുകയും അവര്‍ നിങ്ങളില്‍നിന്ന് ബലിഷ്ഠമായ പ്രതിജ്ഞ വാങ്ങുകയും ചെയ്തുകഴിഞ്ഞിരിക്കെ നിങ്ങളതു തിരിച്ചുവാങ്ങിക്കുന്നതിനെന്തു ന്യായം?(4:21). വിവാഹം ഇസ്ലാമിൽ ബലിഷ്ഠമായ പ്രതിജ്ഞയാണ്, അതിനു പെണ്‍കുട്ടിയുടെ ഉറച്ച സമ്മതം തന്നെ ആവശ്യമാണ്‌.

ഈ ഉടമ്പടി അല്ലെങ്കിൽ കരാർ നടത്തിക്കൊടുക്കുന്ന കർത്തവ്യം പിതാവോ തത് സ്ഥാനത്തിരിക്കുന്ന ആളോ ചെയ്യുന്നുവെങ്കിലും പെണ്‍കുട്ടിയുടെ സമ്മതം അത്യന്താപേക്ഷിപമാണെന്ന് ഈ വാക്യങ്ങൾ സൂചിപ്പിക്കുന്നു.

വിശുദ്ധ ഖുർ ആൻ തന്നെ വിവാഹത്തിന് പെണ്‍കുട്ടിയുടെ സമ്മതം ആവശ്യമുള്ള കരാറാണ് വിവാഹമെന്നും, അതിനു ശാരീരിക പ്രായപൂർത്തിയും സമ്മതം നല്കാനുള്ള മാനസിക പക്വതയും വേണമെന്ന് നിഷ്കർഷിക്കുമ്പോൾ വിവാഹ പ്രായം വ്യാഖ്യാനിക്കാൻ ഹദീസിന്റെയോ നബി ചര്യയുടെയോ ആവശ്യമില്ല. എല്ലാ നബി ചര്യകളും അനുയായികൾക്ക് പിൻപറ്റാൻ അവകാശമില്ല.

സ്ത്രീധനമില്ലാതെ ആയിരക്കണക്കിന് മുസ്ലിം പെണ്‍കുട്ടികൾ വിവാഹപ്രായം കവിഞ്ഞു നിന്നിട്ടും അവർക്ക് വേണ്ടി ശബ്ദിക്കാൻ ഒരു മത രാഷ്ട്രീയ സംഘടനയുമില്ലാതിരിക്കെ ഈ വിഷയത്തിൽ ഇത്ര ചർച്ച ആവശ്യമുള്ള ഒന്നാണോ?

ഇന്ത്യ മതേതരത്വ രാഷ്ട്രമാണെങ്കിലും ഇസ്ലാമിക വിവാഹവും വിവാഹ മോചനവും സ്വത്ത് വിഭജനവുമെല്ലാം വ്യക്തി നിയമമായ ശരീ അത്ത് അനുസരിച്ചാണ് നടക്കുന്നതെന്നതിനാൽ ഇന്ത്യയിലെ പല നിയമങ്ങളും മുസ്ലിം വ്യക്തികൾക്ക് ബാധകമല്ല. അതിലൊന്നാണ്‌ വിവാഹപ്രായവും.

ഇന്ത്യൻ നിയമമനുസരിച്ച് അനുവദനീയമായ വിവാഹപ്രായം പതിനെട്ട് വയസ്സാണെങ്കിൽ മക്കളെ വിവാഹം കഴിക്കാൻ അത് വരെ മാതാപിതാക്കൾ കാത്തിരിക്കുന്നതിൽ ഇസ്ലാമിക വൈരുദ്ധ്യമൊന്നുമില്ല.

ഇനി അത്യന്താപേക്ഷിതമായ സാഹചര്യത്തിൽ ഏതെങ്കിലും പെണ്‍കുട്ടിക്ക് പതിനെട്ട് വയസ്സിനു മുമ്പ് വിവാഹം കഴിക്കേണ്ടതുണ്ടെങ്കിൽ ഇന്ത്യൻ കോടതികൾ അത് അനുവദിക്കുന്നുമുണ്ട്.

രണ്ടായിരത്തി പന്ത്രണ്ടിൽ ഡൽഹി ഹൈകോടതി, പതിനഞ്ച് വയസ്സായ മുസ്ലിം പെണ്‍കുട്ടി, അവൾ പ്രായപൂർത്തി ആയതാണെങ്കിൽ വിവാഹിതയാകാമെന്നു മുൻ സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിൽ വിധിക്കുകയുണ്ടായി. .

Ruling that a Muslim girl can marry as per her choice at the age of 15 years if she has attained puberty, the Delhi high court has held the marriage of a minor girl valid and allowed her to stay in her matrimonial house..

"This court notes that according to Mohammedan Law a girlcan marry without the consent of her parents once she attains the age of puberty and she has the right to reside with her husband even if she is below the age of 18....," a bench of justices S Ravindra Bhat and SP Garg said..

Citing various Supreme Court judgements on the issue of minor Muslim girls' marriage, the bench said "In view of the above judgments, it is clear that a Muslim girl who has attained puberty i.e. 15 years can marry and such a marriage would not be a void marriage. However, she has the option of treating the marriage as voidable, at the time of her attaining the age of majority, i.e 18 years."(1).

ആവശ്യമുള്ളിടത്തും അല്ലാത്തിടത്തും ഇസ്ലാമിനെ വലിച്ചിഴക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇസ്ലാമിനെ ഏറ്റവും നീതിപൂർവ്വം വ്യാഖ്യാനിക്കാനാണ് മത പണ്ഡിതന്മാർ ശ്രദ്ധിക്കേണ്ടത്.

____________________________________________________________

1.( http://defenceforumindia.com/forum/religion-culture/37244-muslim-girl-can-marry-15-if-she-attains-puberty-hc.html)

Monday, November 4, 2013

മാതൃത്വം സ്ത്രീക്ക് അപമാനമോ?

രാജ്യത്തിന് വേണ്ടി സ്വന്തം ജീവനും ജീവിതവും പണയം വെച്ച് യുദ്ധം ചെയ്യുന്ന പട്ടാളക്കാർക്ക് വേണ്ടി ഏർപ്പാടാക്കിയിട്ടുള്ള പദവികൾ കോടികൾ സമ്പാദിച്ച് സുഖലോലുപതയിൽ കഴിയുന്ന ക്രിക്കറ്റ് കളിക്കാർക്കും സിനിമാ നടന്മാർക്കും ദാനം ചെയ്യുന്ന ജനാധിപത്യ രാഷ്ട്രത്തിലെ ഒരു സർവ്വകലാശാല വിവിധ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പ്രശസ്തരായ അമ്മമാർക്ക് അവാർഡ് നല്കാൻ തീരുമാനിച്ചിരിക്കുന്നു.

ഈ വാർത്ത മൂന്നു കോണിലൂടെയാണ് വിമർശിക്കപ്പെടുന്നത്. എത്രയൊക്കെ സാമൂഹിക സാംസ്കാരിക പുരോഗമനത്തിൽ പങ്കാളിയായാലും അമ്മയായില്ലെങ്കിൽ ആ സ്ത്രീ ഒഴിവാക്കപ്പെടുമെന്നുള്ളത് ഒന്ന്. രണ്ടാമതായി അമ്മയാകുന്നത് ഇത്ര വലിയ കാര്യമാണോ? ഒരു സർവ്വകലാശാലയ്ക്കു ഇതിലെന്ത് കാര്യം?

ഇവിടെ സർവ്വകലാശാലയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വ്യക്തമല്ല. എങ്കിലും സർവ്വകലാശാലയിലെ വനിതാ വിദ്യാഭ്യാസ വകുപ്പിലേക്കാണു അപേക്ഷ അയക്കെണ്ടതെന്നും നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ നല്ലൊരു മാതാവിനു മാത്രമേ കഴിയൂ എന്നത്തിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് നല്കുന്നതെന്നും സർവകലാശാല പറയുന്നു.

ആരോഗ്യ കാരണങ്ങളാലോ അതിര് കടന്ന ഫെമിനിസം മൂലമോ ജീവിതം സാമൂഹ്യ ജീവിതത്തിന് ഉഴിഞ്ഞു വെച്ചതിനാലോ അമ്മയാകാൻ കഴിയാത്ത സ്ത്രീ രത്നങ്ങൾ കേരളത്തിനകത്തും പുറത്തും ഉണ്ടായിരിക്കാം. ഇവരൊക്കെ തീരെ നിസ്സാരമായ കാലിക്കറ്റ് സർവ്വകലാശാലയെക്കാൾ വലിയ വലിയ സർവകലാശാലകളിൽ നിന്നും അവാർഡ് സ്വീകരിച്ചിട്ടുമുണ്ടാവാം.

പാമ്പിനേയും പഴുതാരയേയുമടക്കം സകലമാന വിഷ ജീവികളെ ഭക്ഷിക്കുന്നതിനും അപകടം വരുത്തി വെക്കുന്ന എത്ര വലിയ കസർത്തിനും റെക്കോർഡും അവാര്ടുമുള്ള ഈ കാലഘട്ടത്തിൽ മാതൃത്വത്തിന് ഒരു അവാർഡ് നൽകപ്പെട്ടാൽ അഥവാ അതിനപേക്ഷ ക്ഷണിച്ചാൽ അതൊരു കുറ്റമാകുമോ?

സർവകലാശാലയുടെ മാതൃത്വ ബഹുമാനത്തിനെതിരെ ആദ്യമായി രംഗത്ത് വന്നിരിക്കുന്നത് തസ്ലീമ നസ്രീൻ ആണ്. അവർ പറയുന്നത്, Universities are supposed to enlighten students, but by creating golden mother award, it seems one of the universities is dragging its students towards the dark ages.

They must stop glorifying motherhood. Educated, independent and intelligent women might not like to marry and have kids. Let women take total control of their own bodies. Let women decide what they want to do with their wombs. It does not need a brain to be a mother. It just needs sexual intercourse. Patriarchal society is making women’s life a hell by forcing them not to have pre marital sex, to marry and be submissive, be a child bearing machine, a sex object and a slave of men. It’s not a university’s responsibility to encourage women to become mothers. University should encourage women to become dignified personalities, independent and respected human beings. It is totally women’s personal matter whether they want to reproduce. Like a conservative patriarchal guardian Calicut university crossed the university boundary and entered women’s private bedrooms. It is alarming (1)

ഭാരത സ്ത്രീകൾ പാവനമായി കരുതപ്പെടുന്ന കർവ്വാ ചൗതിനേയും ഐ. എസ്. ആർ. ഓ ചെയർമാന്റെ ദൈവ വിശ്വാസത്തെയും ചോദ്യം ചെയ്തതിനു ശേഷമാണ് കാലിക്കറ്റ് സർവകലാശാലയ്ക്കും മാത്രുത്വത്തിനും എതിരെ തസ്ലീമ തിരിഞ്ഞിരിക്കുന്നത്.

കാലിക്കറ്റ് സർവകലാശാല പരിധി ലംഘിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് സർവകലാശാല നിയമങ്ങളും ചട്ടങ്ങളും നോക്കി പരിശോധിക്കേണ്ട ഒന്നാണ്. ലംഘിച്ചിട്ടുണ്ടെങ്കിൽ ഈ വിജ്ഞാപനം മൂലം വിഷമം നേരിട്ട ഏതൊരു ഇന്ത്യൻ പൗരനും കോടതിയെ സമീപിക്കാവുന്നതാണ്.

കാലിക്കറ്റ് സർവകലാശാലയുടെ തലപ്പത്തിരിക്കുന്നവർ ഏതു മത രാഷ്ട്രീയ കക്ഷികളായാലും മാതൃത്വം ഇത്ര വലിയ തെറ്റാണോ? തസ്ലീമ പറയും പോലെ വിവാഹം കഴിക്കുന്നതും പ്രസവിക്കുന്നതുമെല്ലാം സ്ത്രീ മാത്രം തീരുമാനിച്ചാൽ സമൂഹത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടില്ലേ? ഇന്നലെകളിലെ അച്ഛനും ഇന്നിലെ ഭര്ത്താവും നാളെയിലെ മകനുമെല്ലാം ഈ മാതൃത്വത്തിന്റെ സൃഷ്ടിയല്ലേ?

____________________________________________________________

1. http://freethoughtblogs.com/taslima/2013/11/04/calicut-university-is-an-institution-of-nonsense-patriarchy/?utm_source=feedburner&utm_medium=feed&utm_campaign=Feed%3A+FreethoughtBlogs+(Freethought+Blogs)